മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവും സര്‍ക്കാര്‍ ഉന്നയിച്ചു.
നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്ന് അറിയിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ബാങ്ക് ലോണുകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കാനായി മാറ്റി.


