ആലുവ ഫിറ്റ്നസ് പരിശീലകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. ആലുവ ചുണങ്ങുംവേലയിലെ ഫിറ്റ്നസ് സെൻ്റർ ഉടമ കൃഷ്ണ പ്രതാപിനെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഫിറ്റ്നസ് പരിശീലകനായ കണ്ണൂർ സ്വദേശി സാബിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ബന്ധുവീട്ടിൽ ഒളിച്ചിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിം ഉടമ കൃഷ്ണ പ്രതാപിനൊപ്പം സാബിത്ത് ജോലി ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചുണങ്ങം വെളിയിലെ വാടക വീടിന് സമീപം രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.


