തിരുവനന്തപുരം : കേരളത്തിലെ തിരക്കേറിയ റൂട്ടുകളിൽ ഓടുന്ന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കാനുള്ള തീരുമാനം തുടർന്ന് റെയിൽവേ. റൂട്ടിൽ ഏറ്റവുമധികം പേർ ആശ്രയിക്കുന്ന ട്രെയിനുകളിൽ ഒന്നായ മലബാർ എക്സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറയും. തിരക്കേറിയ റൂട്ടുകളിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയിൽവേയുടെ നീക്കം.
കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിലാണ് റെയിൽവേ ഈ മാറ്റം വരുത്തിയത്. മാവേലി എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തിൽ വന്നിരുന്നു.
മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് ഇന്നു മുതൽ ഒരു സ്ലീപ്പർ കോച്ച് എസി കോച്ചായി മാറുക. 10 സ്ലീപ്പർ കോച്ചുകളും 4 എസി ത്രീ ടയർ കോച്ചുകളുമാണ് മലബാർ എക്സ്പ്രസിലുണ്ടായിരുന്നത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി 3 ടയർ കോച്ചിലേക്ക് മാറും. ഇതോടെ സാധാരണക്കാരുടെ യാത്ര കൂടുതൽ അവതാളത്തിലാവും.
ഒന്നോ രണ്ടോ മാസങ്ങൾക്ക് മുൻപ് ടിക്കറ്റ് എടുക്കുന്നവർക്ക് പോലും സ്ലീപ്പർ കിട്ടാൻ ബുദ്ധിമുട്ടാണ്. ഈ നിലയ്ക്ക് കൂടുതൽ സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി തുടരുമ്പോഴാണ് നിലവിലുള്ള കോച്ചുകൾ തന്നെ സാമ്പത്തിക ലാഭത്തിനായി റെയിൽവേ എസി കോച്ചായി മാറ്റുന്നതെന്ന് യാത്രക്കാർ ആരോപിക്കുന്നു.
അതേസമയം, സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി നേരത്തെ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. ലക്ഷക്കണക്കിന് സാധാരണ ട്രെയിന്‍ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. റിസര്‍വേഷന്‍ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ നിലവിലുണ്ട്. തത്കാല്‍ ടിക്കറ്റുകളെടുപ്പിച്ച് കൊള്ളലാഭമുണ്ടാക്കാനാണ് റെയില്‍വെ ശ്രമിക്കുന്നതെന്നും എംപി കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.


