കേരളത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരം. റോഡുപണിയിലും പാലം പണിയിലുമൊക്കെ വന്‍ അഴിമതിയും തട്ടിപ്പും നടക്കുന്നു. ഇവിടെ തിരുവനന്തപുരത്തെ രാജീവ് നഗര്‍ ശംഖുമുഖം റോഡിന്റെ അവസ്ഥയാണിത്. ലക്ഷങ്ങള്‍ മുടക്കി ടാറിങ് നടത്തിയ റോഡ് തരിപ്പണമായത് ഒരു ദിവസം കൊണ്ട്.
മൂന്നുറിലധികം കുടുംബങ്ങള്‍ സഞ്ചരിക്കുന്ന റോഡാണ് ടാറിംഗിന് തൊട്ട് പിന്നാലെ പൊട്ടിപ്പൊളിഞ്ഞ് പാളീസായത്. നിര്‍മ്മാണം പൂര്‍ത്തിയായ റോഡില്‍ ടാര്‍ കാണാനേ ഇല്ല. വീപ്പയില്‍ ടാറെന്ന് തോന്നുന്ന മിശ്രിതം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തട്ടിക്കൂട്ട് ടാറിങ് നടത്തി കരാറുകാരന് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയത്.
നിലവിലെ റോഡ് പാളികളായി ഇളക്കിയെടുക്കാമെന്ന് നിലയിലാണ്. ശരിയായ അളവില്‍ ടാര്‍ ഉപയോഗിക്കാതെ കണ്ണില്‍ പൊടിയിടാന്‍ മണ്ണ് ചേര്‍ത്താണ് റോഡ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇതാണ് റോഡ് തകരാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ടാറില്‍ മണ്ണിന്റെ അംശം കൂടിയാല്‍ ഇങ്ങനെ സംഭവിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


