തിരുവനന്തപുരം: കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി അഞ്ച് ജില്ലകളില്‍ കള്ളുഷാപ്പ് ലേലം. കണ്ണൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റുകളിലാണ് ലേലം നടന്നത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലേറെ പേരാണ് ലേലത്തില്‍ പങ്കെടുക്കാനെത്തിയത്. സംഭവം വിവാദമായതോടെ മൂന്നിടത്തേയും ലേലം നടപടികള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്നു നിര്‍ദേശം നല്‍കിയിരുന്നു. ഇവ ലംഘിച്ചായിരുന്നു ലേലം. കളക്ടറേറ്റ് ജീവനക്കാരും സംഘടനകളും പ്രതിഷേധമറിയിച്ചതോടെ എറണാകുളം ജില്ലയിലെ കള്ളുഷാപ്പുകളുടെ ലേലം കളക്ടര്‍ ഇടപെട്ട് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് മാറ്റി. പുതിയ സ്ഥലം തീരുമാനിച്ചിട്ടില്ല.
മലപ്പുറത്ത് കളക്ട്രേറ്റിലും പരിസരത്തും നിരവധി പേര് തടിച്ചു കൂടി. സംഭവം വിവാദമായിട്ടും ലേലം മാറ്റിവെക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതോടെ യൂത്ത്ലീഗ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. കണ്ണൂരിലെ ലേലഹാളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെ ഇവിടെയും ലേലം നടപടികള്‍ മാറ്റിവച്ചു. ബിവറേജ് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കളക്ടറേറ്റില്‍ തന്നെ കള്ളുഷാപ്പ് ലേലവും നടക്കുന്നത്. വേണ്ടത്ര ജാഗ്രതാ മുന്‍കരുതലോടെയാണ് ലേലം എന്നാണ് എക്സൈസ് അധികൃതരുടെ വാദം.


