സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ. നയപരമായ മാറ്റം ചർച്ച ചെയ്യാത്തതിൽ എൽഡിഎഫിൽ വിമർശനം ശക്തമാണ്. എന്നാൽ മുന്നണി അംഗീകരിച്ച മദ്യനയത്തിൽ ഊന്നിയുള്ള തീരുമാനമെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. ബാറുകളുടെ പ്രവർത്തനസമയം 2 മണിക്കൂർ കുട്ടിയായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. നിയമസഭാതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോഴാണ് ബാർ ഉടമകളുടെ ദീർഘകാല ആവശ്യം സർക്കാർ സാധിച്ചു നൽകിയിരിക്കുന്നത്.
2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നൽകിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതിവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതമാണ് സമയം ദീർഘിപ്പിച്ചത്. നിലവിൽ രാവിലെ 11 മുതൽ രാത്രി 11വരെ ആയിരുന്ന പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12വരെയായാണ് നീട്ടിയത്.
നേരത്തെ ടൂറിസം മേഖലകളിൽ മാത്രമായിരുന്നു ബാറുകൾ രാത്രി 12വരെ പ്രവർത്തിച്ചിരുന്നത്. മൈസ് ടൂറിസം ഇവൻറുകൾ നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകൾക്ക് പുലർച്ചെ 3 വരെ പ്രവർത്തിക്കാം. വാർഷിക ലൈസൻസ് ഫീസിനൊപ്പം 5 ലക്ഷം രൂപ കൂടി അടയ്ക്കണം.
അതേസമയം, സമയമാറ്റത്തിനെതിരെ ഓർത്തഡോക്സ് സഭ വിമർശനവുമായി രംഗത്തുവന്നു. അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ലെന്നും സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിയമഭേദഗതി സർക്കാർ പിൻവലിക്കണമെന്നുമാണ് സഭയുടെ ആവശ്യം.
സർക്കാരിന്റെ മദ്യനയം സംബന്ധിച്ച് വാക്കും പ്രവർത്തിയും തമ്മിൽ ഒരു യോജിപ്പുമില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിടുക്കത്തിൽ ഇത് കൊണ്ടുവരുന്നതിന്റെ ഇംഗിതം വ്യക്തമാണ്.


