കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന്റെ കൂടുതല്‍ കഥകള്‍ പുറത്തുവരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെപ്പേരാണ് പരാതിയുമായെത്തുന്നത്. തട്ടിപ്പ് സംഘങ്ങളിലൊന്നിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന തലശ്ശേരിയിലെ മുഹമ്മദ് ഒനാസിസ് നാട്ടില്‍നിന്ന് മുങ്ങി. വേറെയും സംഘങ്ങള്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. എട്ടുപേരില്‍നിന്ന് 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് അഞ്ചുപേര്‍ക്കെതിരേ രണ്ടുദിവസം മുമ്ബാണ് തലശ്ശേരി പോലീസ് കേസെടുത്തത്.
വിമാനത്താവളത്തില്‍ ഒഴിവുണ്ടാവുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്യാത്ത തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്. ഒനാസിസിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായാണ് പലരും പണം നല്‍കിയത്. എടക്കാട്, തലശ്ശേരി, ചക്കരക്കല്ല്, കതിരൂര്‍, പിണറായി പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അണ്ടലൂരിലെ സരിന് പരിചയപ്പെടുത്തിയത് പ്രകാരം ഒനാസിസിന് പണം നല്കി വഞ്ചിക്കപ്പെട്ടതായി പിണറായി പോലീസ് സ്റ്റേഷനിലും കേസെടുത്തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറുകയായിരുന്നു.
ഒനാസിസിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ തസ്തികകളില്‍ നിയമനത്തിന് നാലുലക്ഷം രൂപയാണ് ഓരോരുത്തരില്‍നിന്നും ആവശ്യപ്പെട്ടത്. രണ്ടരലക്ഷം രൂപ വീതം ആദ്യഗഡുവായി വാങ്ങി. ബാങ്ക് അക്കൗണ്ടിലേക്ക് ഓണ്‍ലൈനായേ പണം നല്‍കാവൂ എന്ന് പറഞ്ഞത് വിശ്വാസ്യത വര്‍ധിപ്പിച്ചെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്‍ജിനീയര്‍, സ്റ്റോര്‍ ഇന്‍ ചാര്‍ജ്, ഐ.ടി. പ്രോഗ്രാമര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്തത്.


