കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകങ്ങൾക്കു പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന സംശയത്തിൽ പൊലീസ്. കൃപേഷിന്റെയും ശരത്ലാലിന്റെയും നീക്കങ്ങൾ കൊലയാളി സംഘം നിരീക്ഷിച്ചിരുന്നു.
പ്രാദേശിക സഹായത്തോടെയാണു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ശരത്ലാലിനും കൃപേഷിനും വധഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസിനെയും എംഎൽഎയേയും ഭീഷണിയുടെ കാര്യം അറിയിച്ചിരുന്നുവെന്നും ഇവർ കൂട്ടിച്ചേര്‍ത്തു.

കോളജിൽ വച്ച് കെഎസ്യു പ്രവർത്തകനു നേരെയുണ്ടായ മർദനമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന നിഗമനത്തിലാണു പൊലീസ്. കാസർകോട് മുന്നാട് പീപ്പിൾസ് കോളജിൽ വച്ച് കല്യോട്ടെ കെഎസ്യു പ്രവർത്തകന് മർദനമേറ്റതാണ് പ്രദേശത്ത് സിപിഎം–കോൺഗ്രസ് സംഘർഷത്തിനു ഇടയാക്കിയത്.
ഈ സംഭവത്തെ തുടർന്ന് സിപിഎം പ്രാദേശിക നേതാക്കൾ അക്രമിക്കപ്പെട്ടതോടെ തർക്കം കൂടുതൽ രൂക്ഷമായി. കൃപേഷും ശരത്ലാലും ഈ കേസിൽ പ്രതികളായിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കും സിപിഎമ്മിൽനിന്നു ഭീഷണിയുണ്ടായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു.
സമീപത്തെ ക്ഷേത്രത്തിലെ പെരുങ്കളിയാട്ട ഉൽസവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണത്തിനു ശേഷം തിരിച്ചടി ഉണ്ടാവുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയും ഉണ്ടായിരുന്നു.


