കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്മാന് എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.

ഹര്‍ത്താല്‍ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് മാധ്യമങ്ങള്‍ക്കും കോടതി കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കൂട്ടുത്തരവാദിത്തമുണ്ടാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഹര്‍ത്താലുകള്‍ സാമൂഹിക വിരുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി ഓര്‍മിപ്പിച്ചു.
കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം മിന്നല്‍ ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബാധിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.


