കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടി ലീന മരിയ പോള്‍. സാമ്പത്തിക തട്ടിപ്പു കേസില്‍ നേരത്തേ പ്രതിയായിട്ടുളള നടി പൊലീസില്‍ നിന്നും ചില കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നിഗമനം.
മൊഴിയെടുക്കലിനായി ഇനിയും ഹാജരാകാത്തതിനാല്‍ നടിയെ പൊലീസ് നോട്ടീസ് നല്കി വിളിച്ച് വരുത്തിയേക്കും.
ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ രണ്ട് പേരടങ്ങുന്ന സംഘം വെടിവയ്പ്പ് നടത്തിയത്. സാമ്പത്തിക തട്ടിപ്പുകേസില്‍ നേരത്തേ പ്രതിയായിട്ടുളള നടി അന്വേഷണത്തോട് ഇതുവരെയും സഹകരിക്കാത്തത് സംശയാസ്പദമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്.
സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോള്‍ ഇതുവരെയും പൊലീസിന് മുന്നില്‍ ഹാജരായിട്ടില്ല.
അതേസമയം ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പ് നടത്തിയ സംഘത്തെക്കുറിച്ച് പൊലീസിന് ഇതുവരെയും സൂചന ലഭിച്ചിട്ടില്ല. അധോലോക സംഘം നടത്തുന്ന ആക്രമണ രീതിയല്ല, കൊച്ചിയില്‍ ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. അതിനാല്‍ രവി പൂജാരിയുടെ പേര് മനപൂര്‍വ്വം വലിച്ചിഴച്ചതാണോയെന്നും സംശയിക്കുന്നു. മാത്രമല്ല ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിന് സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ നിരവധി ഹവാല ഇടപാടുകാരുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നടിയുടെ ഇടപാടുകളും സഹായികളെയും കുറിച്ചും അന്വേഷണം നടത്തും. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കില്‍ നിന്ന് സുകേഷിനൊപ്പം 19 കോടി രൂപ തട്ടിയ കേസിലായിരുന്നു ലീന നേരത്തേ അറസ്റ്റിലായത്. തനിക്ക് വധഭീഷണി ഉണ്ടായെന്നും പണം ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടി നടി നേരത്തേ ഷാഡോ പൊലീസിനെ അറിയിച്ചിരുന്നു.

