പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്ഐടി. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും. സ്വർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം.
അതേസമയം, സ്വർണ്ണക്കൊള്ളയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് കുരുക്ക് മുറുകുകയാണ്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സഹായം നൽകാൻ നിർബന്ധിച്ചതായ മൊഴി എസ് ഐ ടിക്ക് ലഭിച്ചു. അക്കാലത്തെ ദേവസ്വം ജീവനക്കാരാണ് മൊഴി നൽകിയത്.
ശബരിമല ഗസ്റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകി
പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡണ്ടിന് അനുവദിച്ചിരുന്ന മുറി. പൂജകൾ ബുക്ക് ചെയ്യുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു എന്ന് 2019 ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മൊഴി
സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണികൃഷ്ണൻ പോറ്റി എത്തിയെന്നും മൊഴിയിലുണ്ട്.


