തിരുവനന്തപുരം : മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല് ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ് ഇതിനു പിന്നില്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവരം അറിഞ്ഞിട്ടും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മറച്ചുവച്ചുവെന്നും ഇവര്‍ക്കെതിരെയും കേസെടുക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനാണ് കാര്‍ഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് സംവിധാനമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം വ്യാജ വോട്ടര്‍ ഐഡിയുണ്ടാക്കിയെന്ന ആരോപണം ഷാഫി പറമ്പില്‍ എംഎല്‍എ തള്ളി. കുഴല്‍പ്പണക്കേസില്‍ പ്രതിയായ കെ.സുരേന്ദ്രന് രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ എഐസിസിക്ക് പരാതി നല്‍കിയത് അറിഞ്ഞിട്ടില്ലെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.