പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻനേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ വാണിയംകുളം ടൗൺ യൂണിറ്റ് ഭാരവാഹി അജയ കൃഷ്ണനാണ് കീഴടങ്ങിയത്. ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസിന്റെ നിർദ്ദേശപ്രകാരം ആക്രമണത്തിന് സഹായം ചെയ്തത് അജയ് കൃഷ്ണനാണെന്നാണ് പൊലീസ് കണ്ടെത്തൽ. അജയ് കൃഷ്ണൻ കൂടി കീഴടങ്ങിയതോടെ കേസിൽ ആറ് പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. വാണിയംകുളത്തെ ഡിവൈഎഫ്ഐ ആക്രമണ കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക് സെക്രട്ടറി രാകേഷ് ഷൊർണൂർ നേരത്തെ കീഴടങ്ങിയിരുന്നു. രാകേഷിന്റെ നിർദേശ പ്രകാരമാണ് ഡിവൈഎഫ്ഐ നേതാക്കളായ ഹാരിസും സുർജിത്തും കിരണും വിനേഷിനെതിരെ ആക്രമണം നടത്തിയത്.
പ്രതികൾ മർദ്ദിച്ച പനയൂർ സ്വദേശി വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിനേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. പൊലീസിന് മൊഴി നൽകി. സംഭാഷണത്തിൽ അൽപം കൂടി വ്യക്തത വന്നാൽ വീണ്ടും മൊഴി എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് മൊഴി.ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരാണ് വിനേഷിനെ ആക്രമിച്ചത്. ഇവരെ പാർട്ടിയിൽ നിന്നും സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിനേഷിനെ ആക്രമിച്ചതിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി പ്രതികരിച്ചത്.
ഫേസ്ബുക്കിൽ ഡിവൈഎഫ്ഐയുടെ പരിപാടിയെ വിമർശിച്ച് കമൻ്റ് ഇട്ടതിന്റെ പേരിലാണ് വിനേഷിനെ മർദിച്ചത്. ഡിവൈഎഫ്ഐ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെ ഇത്തരം പരിപാടികൾ കൊണ്ട് ജനങ്ങൾക്ക് എന്തുപകാരം എന്ന് ചോദിച്ച് പനയൂർ സ്വദേശിയും ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റിയംഗവുമായ വിനേഷ് കമന്റിട്ടു. ഇതിൽ പ്രകോപിതരായാണ് ബ്ലോക്ക് സെക്രട്ടറി രാകേഷിന്റെ നേതൃത്വത്തിൽ ആറംഗ സംഘം വിനേഷിനെ മർദിച്ചത്.