മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ കാണാൻ കൂട്ടാക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ മുറിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും മൈൻഡ് ചെയ്തില്ല.
സഭയിലേക്ക് തിരിച്ച് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് നിൽക്കാൻ കൂട്ടാക്കിയില്ല. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റാണ് നേമം ഷജീർ. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയപ്പോൾ ഒപ്പം വന്നത് ഷജീറായിരുന്നു. സസ്പെൻ്റ് ചെയ്ത രാഹുലിനെ സഭയിൽ എത്താൻ സഹായിച്ചതിന് നേമം ഷജീറിന് എതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.
ആദ്യ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയിരുന്നു. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുല്‍ സഭയില്‍ വന്നില്ല. ഇന്നും സഭയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭരണപക്ഷം വലിയ രീതിയില്‍ പരിഹസിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു പരോക്ഷമായി രാഹുലിനെതിരെയുള്ള പരിഹാസങ്ങള്‍ ഉയര്‍ന്നത്.
നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജും രംഗത്തെത്തിയത്. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎല്‍എമാര്‍ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.
ഗോളാന്തര സിനിമയിലെ കഥാപാത്രത്തിന്റെ പേര് തെറ്റിച്ച് പറഞ്ഞ് സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എയും രാഹുലിനെ പരിഹസിച്ചു. ‘ഗോളാന്തര സിനിമയിലെ രംഗമാണ് കുന്ദംകുളത്ത് ഇപ്പോള്‍ നടക്കുന്നത്. മമ്മൂട്ടി അഭിനയിച്ച പടത്തിലെ ഗുണ്ടയുടെ പേര് കാരക്കൂട്ടത്തില്‍ ദാസന് എന്നാണ്. കൂട്ടത്തില്‍ എന്നല്ല, കൂട്ടില്‍ എന്നാണ്. ഇപ്പോള്‍ കൂട്ടത്തില്‍ കൂട്ടത്തില്‍ എന്ന് പറഞ്ഞ് അങ്ങനെ ആയതാണ്’, സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയിലായിരുന്നു സേവ്യറിന്റെ പരിഹാസം.