അതിവേഗത്തിൽ വന്ന കാർ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ച് തീ പടർന്നു. തിരുവോണദിനത്തിൽ കല്ലിശ്ശേരി-കുത്തിയതോട് റോഡിൽ പള്ളത്തുപ്പടിക്കു സമീപമാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വനവാതുക്കര കരമനച്ചേരിൽ മണിക്കുട്ടന്റെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന കാറിലാണ് ഇടിച്ചുകയറിയത്.
തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ എബ്രഹാം മാത്യു ഓടിച്ചിരുന്ന കാറാണ് കത്തിയത്. മണിക്കുട്ടന്റെ വീടിന്റെ മതിലും തകർത്തു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന പുതിയ കാർ ഷെഡ്ഡിൽനിന്നു മുന്നിലേക്ക് ഉരുണ്ടുപോയതിനാലാണ് വലിയ രീതിയിലുള്ള അപകടമൊഴിവായത്. ഇടിച്ച കാറിൽനിന്ന് തീയും പുകയും ഉയരുകയും അൽപസമയത്തിനുള്ളിൽ തീയാളിപ്പടരുകയുമായിരുന്നു.