ഇന്നലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ കണ്ടെത്തിയ ദിവസമാണ്. അത്യന്തം ആശങ്കാജനകമായ സ്ഥിതി. എന്നാല്‍ നമ്മുടെ ജില്ലാ കേന്ദ്രങ്ങളില്‍ കാണുന്നത് കോവിഡ് പ്രതിരോധത്തെയാകെ അട്ടിമറിച്ചു കൊണ്ടുള്ള ആള്‍ക്കൂട്ട സമരാഭാസമാണ്. ഇത് അവസാനിപ്പിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍ ആവശ്യപ്പെട്ടു. അതിനെ വീരകൃത്യമായി പര്‍വ്വതീകരിച്ച് പ്രദര്‍ശിപ്പിക്കുന്ന ഒരു പറ്റം മാധ്യമങ്ങള്‍. ക്യാമറകള്‍ കാണുമ്പോള്‍ മാത്രം ആവേശം ഉണര്‍ന്നു കാണിക്കുന്ന നികൃഷ്ട രാഷ്ട്രീയ നാട്യങ്ങള്‍? എന്തിനു വേണ്ടിയാണ് ഈ ആഭാസ നാടകം? 2016ല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ പിറ്റേദിവസം മുതല്‍ ഉന്നയിക്കപ്പെടുന്ന ഡിമാന്റ് ആണ് മുഖ്യമന്ത്രി രാജിവെക്കണം എന്നത്. ഇപ്പോഴും അതിന്റെ തനിയാവര്‍ത്തനം. വിഷയങ്ങള്‍ മാറി മറയുന്നു. സ്വര്‍ണ്ണക്കടത്ത് പോയി ഇപ്പോള്‍ ഖുറാന് വിതരണമാണ് പ്രത്യക്ഷപ്രശ്നം.
പക്ഷേ ഉള്ളിലിരിപ്പ് വേറെയാണ്. കേരളത്തില്‍ കോവിഡ് ബാധ വ്യാപിപ്പിക്കണം. കൂടുതല്‍ മരണങ്ങള് ഉണ്ടാവണം. അതുവഴി സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തണം. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ കക്ഷിനില മെച്ചപ്പെടുത്തണം. ആരോഗ്യമുള്ള യുവാക്കള്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് മാരകമാകില്ല എന്ന തോന്നല്‍ ഇവര്‍ക്കുണ്ട്. അതു ശരിയാണ്. പക്ഷേ സംസ്ഥാനത്തെ സീനിയര്‍ സിറ്റിസണ്മാരുടേയും പലവിധ രോഗങ്ങളുടെയും അവസ്ഥയെപ്പറ്റി ഇവര്‍ ആലോചിക്കേണ്ടതല്ലേ? വൃദ്ധരും ആരോഗ്യമില്ലാത്തവരും കോവിഡ് ബാധിച്ച് ചത്തൊടുങ്ങട്ടെ എന്നാണോ ഇവര്‍ ആഗ്രഹിക്കുന്നത്? പണ്ട് ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ അങ്ങനെ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
സമരം ചെയ്യാനുള്ള മനുഷ്യന്റെ അവകാശം ജീവിതം പോലെ പ്രധാനമാണ്. പക്ഷേ മനുഷ്യന് ജീവിതം തന്നെ മാറ്റി വരക്കാന്‍ നിര്‍ബന്ധിതമായ ഈ പ്രതിസന്ധി കാലത്ത് സമരങ്ങളും രൂപമാറ്റത്തിന് വിധേയമാകണം. മരണത്തിന്റെ വ്യാപാരികള്‍ തെരുവില്‍ നടത്തുന്ന കുരുതിയാട്ടത്തിനെതിരെ ജനങ്ങള്‍ ഒന്നിച്ച് വിരല്‍ ചൂണ്ടണമെന്നും അശോകന് ചരുവില്‍ പറഞ്ഞു.


