കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന് സത്താര്‍ (67) അന്തരിച്ചു. ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍. അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍.
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തിൽ അദ്ദേഹം നായകനായും അഭിനയിച്ചു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്.
തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. 2003-ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. എന്നാൽ 2012-ൽ 22 ഫീമെയിൽ കോട്ടയം, 2013-ൽ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിൽ സത്താർ ചെയ്ത വേഷങ്ങൾ ശ്രദ്ധ നേടി. 2014-ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.


