കോവിഡ് ബാധമൂലമാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്കാരം നടത്തിയെന്ന ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അമ്മ കോവിഡ് ബാധിച്ച് മരിച്ച വിവരം അല്‍ഫോന്‍സ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തില്‍ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കണ്ണന്താനം നല്‍കിയിരിക്കുന്നത്.
മരിക്കുന്നതിനു മുന്‍പുതന്നെ രോഗം നെഗറ്റീവായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവായിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം നാട്ടില്‍ കൊണ്ടു വരികയും സംസ്കരിക്കുകയും ചെയ്തതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എയിംസില്‍ നടത്തിയ പരിശോധനകളുടെ ഫലം ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ ആന്തരിക അവയവങ്ങള്‍ പലതിനും തകരാറുകള്‍ സംഭവിച്ചിരുന്നു. അതു പൂര്‍വസ്ഥിതിയില്‍ ആകാതിരുന്നതാണ് മരണകാരണം. ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ടു തന്നെ സാങ്കേതികമായി കോവിഡ് ബാധിച്ചതാണ് മരണകാരണം എന്നു പറയുന്നതില്‍ തെറ്റില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരിച്ചു.
കഴിഞ്ഞ ജൂണ്‍ 10നാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മാതാവ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തുടര്‍ന്ന് മൃതദേഹം വിമാനത്തില്‍ കോട്ടയം മണിമലയിലെത്തിച്ച് പൊതുദര്‍ശനത്തിനുവച്ച ശേഷം 14ന് സംസ്കരിക്കുകയായിരുന്നു. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചതെങ്കിലും ആളുകള്‍ തെറ്റിദ്ധാരണ മൂലം പേടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് വിശദീകരിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു.
ഡല്‍ഹിയില്‍ വച്ച് കൊവിഡ് ബാധിച്ച് മരിച്ചയൊരാളെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിമാനമാര്‍ഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദര്‍ശനത്തിന് വച്ച് സംസ്കാരം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തില്‍ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ജോമോന് പുത്തന്‍പുരയ്ക്കല്‍ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം.


