വെള്ളക്കെട്ടില്‍ അപകടകരമായ രീതിയില്‍ കെ.എസ്.ആര്.ടി.സി ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായിരുന്ന ജീവനക്കാരനെ സര്‍വീസില്‍ തിരിച്ചെടുത്തു. കെ.എസ്.ആര്.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് എസാണ് എട്ടു മാസത്തെ സസ്പെന്‍ഷനു ശേഷം തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. അച്ചടക്ക നടപടി നിലനിര്‍ത്തി ഗുരുവായൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാലായിലായിരുന്നു സംഭവം. ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെയായിരുന്നു ജയദീപ് ബസ് ഓടിച്ചത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും ബസിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന തരത്തില്‍ വാഹനം കൈകാര്യം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 16ന് കെ.എസ്.ആര്.ടി.സി മാനേജിങ് ഡയരക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
ഒരാള്‍ പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ മുക്കാല്‍ ഭാഗവും മുങ്ങിയ ബസ്സില്‍ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കു കയറ്റുകയും ചെയ്തു. സസ്പെന്‍ഷനിലായ ശേഷം ഇദ്ദേഹം കെ.എസ്.ആര്.ടി.സിക്കെതിരെയും ഗതാഗത മന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ബസ് മുങ്ങിയ പത്രവാര്‍ത്തയോടൊപ്പമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സസ്പെന്ഷന് ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളുടെ ജീവന് രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും ജയദീപ് വിശദീകരിക്കുകയും ചെയ്തു.


