ബ്കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ ഹവാലാ ഇടപാടുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഉടമയായ നടി ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു.
നടിയെ കൊച്ചിയില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലീന മരിയ പോളിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. രണ്ടാഴ്ച മുമ്പ് ദുബായിലുണ്ടായിരുന്ന ലീന മരിയ പിന്നീട് ഹൈദരാബാദില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. വെടിവയ്പ് നടത്തിയത് ആരെയും അപായപ്പെടുത്താനല്ല മറിച്ച് ഭയപ്പെടുത്താനോ ഭീഷണിയുടെ ഭാഗമായിട്ടോ ആണെന്നാണ് പൊലീസ് കരുതുന്നത്.
നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്പോര്‍ട്സ് കാറുകളടക്കം 40 അത്യാഡംബര കാറുകള്‍ ഒരു വര്‍ഷം മുമ്പ് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
ആരാണ് കൃത്യത്തിന് പിന്നിലെന്നും ലീന മരിയ പോളിന്റെ മൊഴിയെടുത്താല്‍ വ്യക്തമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ കൃത്യത്തിനായി സംഭവസ്ഥലത്തെത്തിയവര്‍ കൊച്ചിയില്‍ നിന്നുതന്നെയുളളവരാകാം എന്നും കണക്കുകൂട്ടുന്നു. മുംബൈ അധോലോകവുമായി ബന്ധമുളള രവി പൂജാരയുടെ പേരിലുളള ഭീഷണി സന്ദേശത്തിന്റെ നിജസ്ഥിതിയും പൊലീസ് പരിശോധിക്കുന്നുണ്ട്.

