വണ്ടന്മേട് : ഇടുക്കി ഓര്‍ത്തോഡോക്സ് സഭാ ആസ്ഥാനം ചക്കുപള്ളം ഗന്സ്തിമോന് അരമനക്ക് മുന്പില് വിശ്വാസികളുടെ പ്രതിഷേധം. സഭയിലെ വൈദികനായ വണ്ടിപ്പെരിയാര്‍ ഇടവക വികാരി റ്റി സി മത്തായിയെ ഒരു മാസത്തേക്ക് സഭാ ചുമതലകളില്‍ നിന്നും ആത്മീയകാര്യങ്ങളില്‍ നിന്നും ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ദേവോദോസിയോസ് മെത്രാപൊലീത്ത മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്നാണ് അരമനക്ക് മുന്പില് ചേറ്റുകുഴി വണ്ടിപ്പെരിയാര്‍ ഇടവകയിലെ ഒരു വിഭാഗം കുത്തിയിരിപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം ചേറ്റുക്കുഴി സെന്റ് ഗ്രിഗോറീസ് ഇടവകയിലെ വികാരിയായ കുര്യാക്കോസ് വലയിലിനെ സ്ഥലം മാറ്റിയതില്‍ വൈദികനും കുടുംബത്തോടുമൊപ്പം അരമനയില്‍ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. വൈദികര്‍ക്കെതിരെ നടത്തുന്ന നടപടി അരമനയില്‍ നടക്കുന്ന അഴിമതി ചോദ്യം ചെയ്തതു മൂലമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം സഭാ നേതൃത്വം തള്ളി. സഭയില്‍ സ്വഭാവികമായി നടക്കാറുള്ള സ്ഥലം മാറ്റം മാത്രമാണ് ഫാദര്‍ കുര്യാക്കോസിന്റേതെന്ന് സഭാ നേതൃത്വം പറയുന്നു.
ഇടവകയിലെ ഒരു വിഭാഗം കുടുംബങ്ങള്‍ക്ക് ഭരണഘടനാ വിരുദ്ധമായി പുറത്താക്കല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മറ്റൊരു വൈദികനെ സഭ നടപടിയെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ അരമന ആസ്ഥാനത്തു വന്നു ബിഷപ്പിനെ ആക്ഷേപിക്കുകയും സത്യപ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് ഫാ. ടി സി മത്തായിയെ സസ്പെന്‍ഡ് ചെയ്തത്.
തര്‍ക്കമുള്ളവര്‍ക്ക് സഭയുടെ ഉന്നത ബോഡിയില്‍ പരാതിപ്പെടാം. അഴിമതി ആരോപിക്കുന്ന ഫാദര്‍ കുരിയാക്കോസ് കഴിഞ്ഞ പത്തു വര്‍ഷമായി സഭയുടെ കണക്കുകള്‍ ഓഡിറ്റ് ചെയുന്നു. ആ കണക്കുകള്‍ കൃത്യമാണെന്നു സാക്ഷ്യപ്പെടുത്തുകയും സഭയുടെ ഭദ്രാസന പൊതുയോഗം കണക്ക് അംഗീകരിച്ചു പാസ്സാക്കിയതും സഭാ കേന്ദ്രത്തില്‍ നിന്ന് വീണ്ടും ഓഡിറ്റിങ് നടത്തിയതുമാണ്. മെത്രാപ്പൊലീത്തയ്ക്കും ഭദ്രാസനത്തിനും എതിരായി ഉന്നയിക്കുന്നത് വസ്തുതകള്‍ മറച്ചുവെച്ചുള്ള വ്യാജ ആരോപണമാണ് അത് വിശ്വാസികളെ ബോധ്യപ്പെടുത്തും. വിശ്വാസികളെ ഇറക്കി പ്രതിഷേധം തുടര്‍ന്നാല്‍ വൈദികരുടെമേല്‍ കൂടുതല്‍ നടപടി കൈക്കൊള്ളും- ഭദ്രാസന സെക്രട്ടറി കെ ടി ജേക്കബ് വ്യക്തമാക്കി. തര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്ച ചേറ്റുക്കുഴി ദേവാലയത്തില്‍ പൊലീസ് സംരക്ഷണയില്‍ ബിഷപ്പിന്റെ നിര്‍ദേശ പ്രകാരം പകരം ചുമതലയേറ്റ ഫാ. ഏലിയാസ് കോര്‍എപ്പിസ്കോപ്പ കുര്‍ബാന അര്‍പ്പിച്ചു.


