മൂവാറ്റുപുഴ: മണ്ഡലം നവകേരള സദസ് ഒരുക്കങ്ങളുടെ അവലോകന യോഗം ചേര്‍ന്നു.മൂവാറ്റുപുഴ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സംഘാടക സമിതി ചെയര്മാന് എല്‍ദോ എബ്രാഹാം അധ്യക്ഷനായി. വിവിധ വകുപ്പ് മേധാവികള്‍, കുടുംബശ്രീ ചെയര്പേഴ്സണ്മാര്, പഞ്ചായത്ത് – നഗരസഭ സംഘാടക സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഇതുവരെയുള്ള സംഘാടനവും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. തുടര്‍ പ്രവര്‍ത്തനങ്ങളും സംഘാടനവും സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു.
ജില്ല കലക്ടര്‍ എന്‍എസ് കെ ഉമേഷ്, തഹസീല്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, സംഘാടക സമിതി ഭാരവാഹികളായ പി എം ഇസ്മയില്‍, ബാബു പോള്‍, ഷാജി മുഹമ്മദ്, എന്‍ അരുണ്‍, ഡിവൈഎസ്പി മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉര്ജിതമാക്കുന്നതിനും കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുന്നതിനും വീട്ടുമുറ്റസദസുകള്‍ പൂര്‍ത്തിയാക്കുന്നതിനും തീരുമാനിച്ചു. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും നവകേരള സദസില്‍ പരമാവധി ജനങ്ങളെ പങ്കെടുപ്പിയ്ക്കുവാനും തീരുമാനിച്ചു.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മൂവാറ്റുപുഴ മണ്ഡലം നവകേരള സദസ് ഡിസംബര്‍ 10 ന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്.


