കൊല്ലം: റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അഞ്ചല്‍ അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദാണ് (37) മരിച്ചത്. അഞ്ചല്‍ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശുമുക്കില്‍ ഇന്നലെ രാത്രി 11.30നാണ് അപകടം .
റോഡ് പണിക്കായി കൊണ്ടുവന്ന റോഡ് റോളര്‍ വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. രാത്രി റോഡ് റോളര്‍ എടുത്തുകൊണ്ടു പോകുമ്പോഴാണ് അതിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്റെ തലയിലൂടെ കയറിയിറങ്ങിയതെന്നാണ് വിവരം. ബൈപ്പാസില്‍ തെരുവുവിളക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ വിനോദ് റോഡ് റോളറിനു മുന്നില്‍ കിടക്കുന്നത് കണ്ടില്ലെന്നാണ് ഡ്രൈവര്‍ പൊലീസിനു നല്കിയ മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തല തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. വിനോദ് മദ്യപിച്ചശേഷം ഇവിടെ കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിനോദിന്റെ മൃതദേഹം പൊലീസെത്തി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ടൈല്‍സ് പണിക്കാരനായ വിനോദ് അവിവാഹിതനാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.