ഭക്ഷണം കാറിലേക്കെത്തിച്ചു നൽകാത്തതിന് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. പാലക്കാട് നാട്ടുകല്ലിലെ യാസ് കഫേ ഉടമ സല്‍സലിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തു. നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, ഇവരുടെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മൂന്നുദിവസം മുൻപാണ് സംഭവം. കടയിലെ ഫര്‍ണ്ണിച്ചറും ഗ്ലാസുകളും സംഘം തകർത്തു. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് 53-ാം ഭാഗത്തെത്തിയ ആറംഗ സംഘം കഫേയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഇത് കാറിലേക്ക് എത്തിച്ചു നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.എന്നാൽ ഭക്ഷണം കാറിൽ എത്തിച്ചു നൽകാത്തതിനെ തുടർന്ന് ആറംഗ സംഘം ജീവനക്കാരെയും ഹോട്ടലുടമയെയും മർദ്ദിക്കുകയായിരുന്നു.കാറിലിരുന്ന് ഓർഡർ ചെയ്ത സംഘം പിന്നീട് സാൻഡ്വിച്ച് ഓർഡർ റദ്ദാക്കി. ഷവർമ കൈമാറിയതിന് പിന്നാലെ ഒപ്പമുള്ള മുളകിന്റെ വലുപ്പത്തെ ചൊല്ലി സംഘം കടയിലെ ജീവനക്കാരുമായി തർക്കം ആരംഭിക്കുകയായിരുന്നു.


