മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ കെഎസ്ആർടിസിയിൽ കൊണ്ടുവന്ന ബ്രത്തലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം പലയിടത്തും സർവീസ് മുടക്കത്തിന് ഇത് കാരണമായി. ബ്രത്തലൈസറിൽ പൂജ്യത്തിനുമുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവർമാർ എത്താത്തതിന് കാരണം.ബ്രത്തലൈസർ പരിശോധനയ്ക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേദിവസം മദ്യപിച്ച, ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താറില്ല.
പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കൽ’ പരിശോധനയിൽ, 100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 30 മില്ലിഗ്രാം കടന്നാലേ ശിക്ഷ ഉണ്ടാവുകയുള്ളൂ. എന്നാൽ കെഎസ്ആർടിസിയിലെ രീതിയനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാൽ പോലും സസ്പെൻഷൻ കിട്ടും.പതിവ് ഡ്യൂട്ടിക്കു പുറമേ അഡീഷണൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പല ഡിപ്പോകളും ഓടിച്ചുകൊണ്ടുപോകുന്നത്. കഴിഞ്ഞ സ്ഥലംമാറ്റത്തിനുശേഷം ഒട്ടേറെ ഡിപ്പോകളിൽ ഡ്രൈവർക്ഷാമം രൂക്ഷമാണ്.


