കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ 20,000 വോട്ടുകള്‍ യുഡിഎഫിനെന്ന് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ വിജയസാധ്യതയില്‍ ആശങ്കയുള്ള പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ തോല്‍വി ഉറപ്പാക്കുക ലക്ഷ്യമിട്ട് രാജ്മോഹന്‍ ഉണ്ണിത്താന് വോട്ടു ചെയ്തു എന്നാണ് കാസര്‍കോട്ടെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കാസര്‍കോട്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും കണ്ണൂര്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലെ ചില പ്രദേശങ്ങളിലും ബിജെപി വോട്ടുകള്‍ ലഭിച്ചതായാണ് വിലയിരുത്തല്‍.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് തിരിച്ചടി നല്‍കുക കൂടി ലക്ഷ്യമിട്ട്, ഇടതുസ്ഥാനാര്‍ത്ഥിയായ കെ പി സതീഷ് ചന്ദ്രനെ ഏതുവിധേനയും തോല്‍പ്പിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ചിന്തിക്കുകയും വോട്ട് രാജ്മോഹന്‍ ഉണ്ണിത്താന് മറിച്ചു എന്നും കണക്കൂകൂട്ടുന്നു. ഈ വോട്ടുകളുടെ കൂടി ആത്മവിശ്വാസത്തിലാണ് 5000 വോട്ടുകള്‍ക്ക് ജയിച്ചു കയറുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പ്രതീക്ഷ പുലര്‍ത്തുന്നത്. മുസ്ലിം വോട്ടുകളുടെ ഏകീകരണവും യുഡിഎഫിന് വന്‍ പ്രതീക്ഷ പകരുന്നു. കഴിഞ്ഞദിവസം നടന്ന കെപിസിസി യോഗത്തിലും കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന് വിജയിക്കുമെന്ന് വിലയിരുത്തിയിരുന്നു.
72,000 വോട്ടുകള്‍ക്ക് സതീഷ് ചന്ദ്രന് വിജയിക്കുമെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. എന്നാല്‍ 30,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോള്‍ ഇടതുനേതൃത്വം അവകാശപ്പെടുന്നത്. ഈ പിന്നോക്കം പോകലിന് പിന്നില്‍ ന്യൂനപക്ഷ, ബിജെപി വോട്ടുകളിലുള്ള ആശങ്കയാണെന്നും സൂചനയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുരേന്ദ്രന് ലഭിച്ച വോട്ടുകള്‍ മുഴുവന്‍ ഇത്തവണ രവീശ തന്ത്രി കുണ്ടാറിന് ലഭിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞതവണ സുരേന്ദ്രന് നേടിയത് ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകളാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ മൊത്തം രണ്ടു ലക്ഷം വോട്ട് പിടിച്ചിരുന്നു.


