കൊല്ലം: 56 വയസ്സുകാരിയായ വീട്ടമ്മയോട് പ്രണയാഭ്യര്‍ഥന നടത്തുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത 26 കാരനെ സ്ത്രീയുടെ മുന്നില്‍വെച്ച് മാപ്പ് പറയിപ്പിച്ചുവിട്ടു. കഴിഞ്ഞദിവസം പത്തനാപുരം പോലീസ് സ്റ്റേഷനിലാണ് സംഭവം. യുവാവിനെ കുടുക്കിയതും തക്കതായ ശിക്ഷ നല്കി വിട്ടയച്ചതും പത്തനാപുരത്തിന്റെ സ്വന്തം സി.ഐ. അന്‍വര്‍ മുഹമ്മദ്. ആഴ്ചകള്‍ക്ക് മുമ്ബ് കനാലില്‍നിന്ന് അജ്ഞാത മൃതദേഹം കരയ്ക്കെത്തിക്കാന്‍ യൂണിഫോം അഴിച്ചുവെച്ച് കനാലില്‍ ഇറങ്ങി വാര്‍ത്തകളിലിടം നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് അന്‍വര്‍ മുഹമ്മദ്. മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെയാണ് സി.ഐ. തന്നെ കനാലില്‍ ഇറങ്ങി താരമായത്. ഈ സംഭവത്തില്‍ അദ്ദേഹത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു.
ഒരു നമ്ബറില്‍നിന്ന് തന്റെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും പ്രണയ സന്ദേശങ്ങളും വരുന്നുവെന്ന പരാതിയുമായാണ് വീട്ടമ്മ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തിയതെന്ന് സി.ഐ. അന്‍വര്‍ മുഹമ്മദ് പറഞ്ഞു. വീട്ടമ്മയുടെ ഫോണ്‍ പരിശോധിച്ച് ഉടന്‍ തന്നെ സന്ദേശമയച്ചാളെ കണ്ടെത്തി. വനിതാ പോലീസിനെ കൊണ്ട് വിളിപ്പിച്ച് ഒന്ന് കാണണമെന്നും പറഞ്ഞു. കേട്ടപാടെ യുവാവ് ഓടിയെത്തിയപ്പോള്‍ കാത്തിരുന്ന പോലീസ് സംഘം കൈയോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിനെക്കണ്ട് വീട്ടമ്മയും ഞെട്ടി. തയ്യല്‍ക്കട നടത്തുന്ന 56 കാരിയ്ക്ക് കണ്ടാലറിയാവുന്ന പയ്യനായിരുന്നു പ്രതി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും യുവാവിനെതിരെ നടപടി സ്വീകരിക്കാമെന്നും പോലീസ് പറഞ്ഞെങ്കിലും കേസൊന്നും വേണ്ടെന്നായിരുന്നു വീട്ടമ്മയുടെ മറുപടി. യുവാവിന് താക്കീത് നല്കിയാല് മതിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മതിയെന്നും വീട്ടമ്മ പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ എത്തിയ പാടേ കുറ്റം സമ്മതിച്ച 26 കാരന് അമ്മയുടെ പ്രായമുള്ള സ്ത്രീയോടാണോ ഇങ്ങനെ പെരുമാറുന്നതെന്ന സി.ഐ.യുടെ ചോദ്യംകേട്ടപ്പോള്‍ കരച്ചിലായി. ഇതേ പ്രായത്തിലുള്ള മകന് ആ സ്ത്രീയ്ക്കുമുണ്ടായിരുന്നു. ഇതെല്ലാം കേട്ടതോടെ യുവാവ് തന്നെ അമ്മേ എന്ന് വിളിച്ച് സ്ത്രീയോട് പലതവണ മാപ്പ് പറഞ്ഞെന്നും സി.ഐ. അന്‍വര്‍ മുഹമ്മദ് പറഞ്ഞു.


