കൊച്ചി ∙ എറണാകുളം ചെങ്ങമ്മനാട് വനിതാ ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച. 70 പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചെങ്ങമ്മനാട് ഗവൺമെന്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. ഗ്രെയ്സ് മാത്യൂസിന്റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ഡോക്ടർ ഒറ്റയ്ക്കg താമസിക്കുന്ന വീടിന്റെ പിന്നിലെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കടന്നത്. ഇവർ മലയാളികളാണെന്നു സംശയിക്കുന്നതായി ഡോക്ടർ പറയുന്നു. മുറിയിലെത്തി ഒരാൾ ഡോക്ടറെ ബലമായി പിടിച്ചിരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. രണ്ടാമൻ അലമാരയും മറ്റും തുറന്ന് ആഭരണങ്ങളും പണവും എടുക്കുകയായിരുന്നു. രണ്ടുമണിയോടെ സംഘം മടങ്ങിയ ശേഷമാണ് ഡോക്ടർക്കു പൊലീസിനെ വിളിക്കാനായത്. ഇവരുടെ ശരീരത്തുണ്ടായിരുന്ന ആഭരണങ്ങളും അക്രമികൾ തട്ടിയെടുത്തിട്ടുണ്ട്. താലിമാല മാത്രം മറ്റൊരു സ്ഥലത്ത് ഊരിവച്ചിരുന്നതിനാൽ മോഷ്ടാക്കൾക്കു കിട്ടിയില്ല.
വിവരം അറിഞ്ഞ് പൊലീസ് എത്തി പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. വീടിന്റെ പരിസരങ്ങളിൽ സിസിടിവി ഇല്ലാത്തതിനാൽ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


