കണ്ണൂർ∙ കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശനിയാഴ്ച രാവിലെ ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരനാണെന്ന് അഡിഷനൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഉച്ചയോടെ ശിക്ഷ വിധിക്കുകയും ചെയ്തു. 3 വകുപ്പുകളിലായി 60 വർഷമാണു ശിക്ഷ. ഇത് ഒറ്റത്തവണ 20 വർഷമായി അനുഭവിച്ചാൽ മതി.
പിഴത്തുകയില്‍ പകുതി പെൺകുട്ടിക്കു നൽകണം. കോടതിയിൽ വ്യാജമൊഴി നൽകിയതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ വിശദീകരണം തേടും. ഇതു തൃപ്തികരമല്ലെങ്കിൽ ശിക്ഷാ നടപടി സ്വീകരിക്കും. പെൺകുട്ടി ജന്മം നൽകിയ കുട്ടിക്ക് സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ ലീഗൽ സർവീസ് അതോറിറ്റിയോടു കോടതി നിർദേശിച്ചു. കേസിലെ മറ്റ് ആറു പ്രതികളെയും വിട്ടയച്ചു. ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു. തലശ്ശേരി പോക്സോ കോടതിയുടേതാണു വിധി. വൈദികന് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോൺവെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരെയാണ് വിട്ടയച്ചത്.
ഫാ. റോബിന് നൽകിയ ശിക്ഷ മാതൃകാപരമെന്ന് മാനന്തവാടി രൂപത പ്രതികരിച്ചു. ഗൂഢാലോചന ആരോപിച്ചു നിരപരാധികളെയാണു പ്രതി ചേർത്തത്. അവരെ വെറുതെവിട്ടതു സന്തോഷകരമെന്നും രൂപത അറിയിച്ചു.


