തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പിയില്‍ കലഹം. ആരോരുമറിയാതെ സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ച സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ളയുടെ നടപടിയാണ് പൊട്ടിത്തെറിക്ക് കാരണമായത്. മൂന്നുപേരടങ്ങുന്ന ചുരുക്കപട്ടിക തയ്യാറാക്കി നല്കിയെന്നു മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ സംസ്ഥാന പ്രസിഡന്റ് സംഭവം വിവാദമായതോടെ കളംമാറ്രി.
തനിക്ക് ചുരുക്കപ്പട്ടികയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. പ്രസിഡന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് വി.മുരളീധരന് വിഭാഗം കൊച്ചിയിലെ കോര്‍ കമ്മിറ്റിയില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ചുരുക്കപ്പട്ടിക വിവാദം കത്തിയത്. അതേസമയം പനിപിടിച്ചതുകൊണ്ടാണ് കെ.സുരേന്ദ്രന് കോര്‍ കമ്മിറ്രിക്ക് വരാത്തെതന്നാണ് വിശദീകരണം. വി.മുരളീധരനാവട്ടെ ആന്ധ്രയുടെ സംഘടനാ ചുമതലയുടെ തിരക്കായതിനാല്‍ ഇപ്പോള്‍ കോര്‍ കമ്മിറ്രി യോഗങ്ങളില്‍ പങ്കെടുക്കാറുമില്ലത്രെ. സി.കെ.പദ്മനാഭന് സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കുന്ന ആളുമല്ല.
അതിനിടെ പ്രധാന സീറ്രുകളിലേക്ക് ബി.ജെ.പി നേതാക്കള്‍ സ്ഥാനാര്‍ത്ഥി മോഹവുമായി ഇടി തുടങ്ങി. തിരുവനന്തപുരം, ആറ്രിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് തുടങ്ങിയ സീറ്റുകളിലേക്കാണ് കൂടുതല്‍ മോഹികളുള്ളത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ളയ്ക്ക് അതിയായ താല്പര്യമുണ്ട്. ആര്.എസ്. എസിന് താല്പര്യം കുമ്മനം രാജശേഖരനെയാണ് . കുമ്മനം ഇല്ലെങ്കില്‍ സുരേന്ദ്രന് വേണമെന്നാണ് അവരുടെ നിലപാട്. മോഹന്‍ലാലിനെ നിറുത്താനുള്ള നീക്കം പൊളിഞ്ഞതോടെയാണ് കുമ്മനമോ സുരേന്ദ്രനോ മതിയെന്ന നിലപാടിലെത്തിയത്.


