ആലപ്പുഴ: സൂപ്രണ്ടിനെ കുടുക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്തു കളിച്ച് തടവുപുള്ളിയെ ജയില്‍ ചാടിച്ചു. ജയില്‍ ചാടിയ പ്രതി മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് സംഗതി പുറം ലോകമറിയുന്നത്. കോടതിയില്‍ ഇയാള്‍ മൊഴി നല്‍കിയതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ജയിലിലാണ് സംഭവം അരങ്ങേറിയത്.ജൂലായ് 22-നാണ് ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ വീട്ടില്‍ ജയപ്രകാശ് (45) ജയില്‍ ചാടുന്നത്. 
വിവിധ കേസുകളിലായി വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞുവന്ന ആളാണിയാള്‍. സംഭവത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ആര്. ശ്രീകുമാറിനെയും മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തു.രണ്ടുമാസത്തിനുള്ളില്‍ ഇയാളെ തമിഴ്നാട്ടിലെ കമ്പത്തുനിന്ന് മാവേലിക്കര പൊലീസ് അറസ്റ്റുചെയ്ത് തിരികെ ജയിലിലടച്ചു. ജയപ്രകാശിനെ പിന്നീട് അതിസുരക്ഷയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റി. ഇയാളെ മറ്റൊരു കേസില്‍ നവംബര്‍ ഏഴിന് രാമങ്കരി കോടതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് മുന്‍പാകെ തനിക്ക് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് ജയപ്രകാശ് അറിയിച്ചു.
ഇവിടെ നല്കിയ മൊഴിയിലാണ് ജയില്‍ചാട്ടത്തിന്റെ കഥ പുറത്തുവന്നത്. ജയില്‍ ചാടിയത് സ്വമേധയാ അല്ലെന്നും ഇവിടത്തെ ഉദ്യോഗസ്ഥരുടെ പ്രേരണയിലാണെന്നും ജയപ്രകാശ് മൊഴിനല്‍കി. ജയില്‍ ചാടണമെന്നും സൂപ്രണ്ടിന് ഒരു പണി കൊടുക്കണമെന്നും എല്ലാ സഹായവും നല്‍കാമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ നിരന്തരം പ്രേരിപ്പിച്ചു. ഇതിനായി ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന് 10,000 രൂപ തന്നു. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്തു. സംഭവത്തില്‍ ഗൗരവതരമായ അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയുന്നു.


