ശബരിമല സ്വര്‍ണക്കൊളള കേസ് വിവാദങ്ങൾക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ രാജുവും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്തു. രണ്ട് വർഷമാണ് കാലാവധി. വിവാദങ്ങൾക്കിടെ യാത്ര അയപ്പ് സമ്മേളനം ഒഴിവാക്കി. ശബരിമലയിൽ വിശ്വാസം വ്രണപ്പെടുത്തുന്ന സാഹചര്യം ഇനിയുണ്ടാവില്ലെന്ന് കെ ജയകുമാർ പറഞ്ഞു.
മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ.വാസുവും ഉദ്യോഗസ്ഥരും ശബരിമല സ്വർണക്കൊളളക്കേസിൽ അറസ്റ്റിലായി ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന സമയത്താണ് പുതിയ സമിതി അധികാരമേൽക്കുന്നത്. പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
പ്രശാന്തിന്റെ കാലാവധി നീട്ടി നൽകാൻ നേരത്തെ ആലോചന നടന്നെങ്കിലും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തുടർച്ചയായി വന്ന ആരോപണങ്ങളും ഹൈക്കോടതിയുടെ വിമർശനങ്ങളുമാണ് പി.എസ് പ്രശാന്തിനും എ. അജികുമാറിനും കാലാവധി നീട്ടി നൽകേണ്ട എന്ന ധാരണയിലേക്ക് എത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.ശബരിമലയിൽ വിശ്വാസം വ്രണപ്പെടുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്നും മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് മാറ്റം വരുമെന്നും ദേവസ്വം പ്രസിഡണ്ട് കെ ജയകുമാർ പറഞ്ഞു.


