തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് പ്രവേശിക്കാനുള്ള സ്ഥലമല്ലെന്നും അവര്‍ക്ക് സംരക്ഷണം നല്‍കാനാകില്ലെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ആക്ടിവിസ്റ്റുകള്‍ക്ക് കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. പോലീസ് സംരക്ഷണയില്‍ മലകയറണമെന്ന് ആഗ്രഹിക്കുന്നവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും പറഞ്ഞു. ചിലര്‍ ശബരിമലയിലേക്ക് ഞങ്ങള്‍ വരാന്‍ പോകുന്നെന്ന് വാര്‍ത്താസമ്മേളനം നടത്താറുണ്ട്. തങ്ങളുടെ വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുയാണ് ഉദ്ദേശം. ഭക്തിയല്ല ലക്ഷ്യം.
തൃപ്തി ദേശായിയെ പോലെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല. അത്തരം താല്‍പ്പര്യങ്ങള്‍ക്ക് കൂട്ടു നില്ക്കാന് സര്‍ക്കാരിന് കഴിയില്ല. ഇതാണ് തുടക്കം മുതലുള്ള തന്റെ നിലപാടെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിയെക്കുറിച്ച് നിയമജ്ഞര്‍ക്ക് പോലും രണ്ടഭിപ്രായമാണ്. വിശാലബഞ്ചിന് വിഷയം വിട്ടതിലൂടെ പഴയ വിധി അസ്ഥിരപ്പെട്ടതായിട്ടാണ് ഒരു കൂട്ടര് പറയുന്നത്. പുതിയ ബഞ്ച് വരും വരെ പഴയ വിധി നില നില്‍ക്കുമെന്ന് പറയുന്നവരാണ് മറ്റുള്ളവര്‍. അതുകൊണ്ടു സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ആരു പോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ തവണ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലം വലിയ സംഘര്‍ഷങ്ങളുടേതായിരുന്നു. ഇത്തവണ പുതിയ വിധി വന്ന സാഹചര്യത്തില്‍ എന്തു ചെയ്താലും കോടതി യലക്ഷ്യമായി മാറുമോ എന്ന ആശങ്കയാണ് സര്‍ക്കാരിനെ ഭരിക്കുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശം സര്‍ക്കാര്‍ തേടും.


