തിരുവനന്തപുരം: പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച സച്ചിനും ഭവ്യയും. അന്നവര്‍ പ്രണയത്തിന്റെയും കരുതലിന്റെയും പ്രതീകമായി നമുക്ക് മുന്നിലേക്ക് വന്നുവെങ്കില്‍ ഇന്നത് മനുഷ്യത്വത്തെ കുറിച്ച് കൂടിയുള്ള ഓര്‍മ്മപ്പെടുത്തലുമായിട്ടാണ്.
വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്നുപോയ സഹജീവികള്‍ക്ക് സഹായമാകാനായി കുടുംബത്തിലുള്ളവര്‍ ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ നല്കിയ ബുള്ളറ്റ് വില്‍ക്കാനൊരുങ്ങുകയാണ് സച്ചിന്. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും സച്ചിന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സച്ചിന്റെ പോസ്റ്റ് വായിക്കാം:
ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്… ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്… എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു… നമ്മൾ അതിജീവിക്കും


