മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിങുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടൻ പരമ്പരാഗത താറാവ് വളർത്തൽ സമ്പ്രദായം നില നിർത്തുന്നതിനു പക്ഷി പനിക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി ഡല്‍ഹിയില്‍ പറഞ്ഞു. കോഴിയ്ക്കും താറാവിനും ഓരോന്നിനും 200 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പരമ്പരാഗത കർഷകരുടെ സാമ്പത്തിക ക്ഷേമത്തെ വിപരീതമായ രീതിയിൽ ബാധിക്കുമെന്നതിനാൽ കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും രോഗസാധ്യതയുള്ള പ്രദേശങ്ങളിലെ താറാവ്/ കോഴി കർഷകർക്ക് ഒരു ഉപജീവന പാക്കേജ് അനുവദിക്കണമെന്നും കേന്ദ്രത്തെ അറിയിച്ചു.കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി അല്‍ക്ക ഉപാധ്യായ, ജോയിന്റ് സെക്രട്ടറി സരിത ചൗഹാന്, മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. അഭിജിത് മിത്ര എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജെ ചിഞ്ചുറാണി.


