തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത് ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം. ഹാജരായ ശിവശങ്കറിനെ ചൊവ്വാഴ്ച വൈകീട്ട് 5.30-ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് അവസാനിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റംസ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിക്കുകയായിരുന്നു. തനിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന മുന്‍ നിലപാട് ശിവശങ്കരന് ആവര്‍ത്തിച്ചതായാണ് വിവരം. വൈകീട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷം ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മിഷണറും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്.
നിര്‍ണാകമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. സ്വപ്നയെ നാലുവര്‍ഷമായി അറിയാം. സ്വപ്ന സഹപ്രവര്‍ത്തകയും സരിത് സുഹൃത്തുമാണെന്നും സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ മൊഴിനല്‍കി. തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ നിന്നും താമസക്കാരുടെ രജിസ്റ്ററും സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ് സംഘം പിടിച്ചെടുത്തു. ഇവിടെ തങ്ങിയ നാലുപേരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവിടെവച്ച് ശിവശങ്കരുമായി അവര്‍ കൂടികാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായും വിവരമുണ്ട്. സ്വര്ണ്ണമെത്തിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു സംഘം ഇവിടെ എത്തിയത്. ജൂലായ് ഒന്ന്, രണ്ട് തീയതകളിലെ ഈ ദൃശ്യങ്ങള്‍ കേസില്‍ ഏറെ നിര്‍ണായകമാകും. വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണം വിട്ടുനല്‍കാന്‍ ശിവശങ്കരന് ഇടപെട്ടന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. ശിവശങ്കരന് വാടകയ്കെടുത്ത ഫ്ളാറ്റിന് സമീപത്തെ ഫ്ളാറ്റില്‍ സ്വപ്നയും താമസിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ഇന്ന് ശിവശങ്കരനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യും, ഇതിനായി അന്വേഷണ സംഘം തലസ്ഥാനത്തെത്തി. അറസ്റ്റിലായ നാല്‍വര്‍ സംഘത്തിന്റെ മൊഴികളുടെ ക്രോസ് ചെക്കിംഗാവും പ്രധാനമായി നടക്കുക. ചോദ്യം ചെയ്ത ശേഷം മൊഴികള്‍ പരിശോധിച്ചു അറസ്റ്റു ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ അറസ്റ്റുണ്ടായാല്‍ അത് സര്‍ക്കാറിന തിരിച്ചടിയാവും. സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെങ്കിലും ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്ന സരിത് എന്നിവരുടെ അധോലോക ഇടപാടുകള്‍ക്ക് അറിഞ്ഞോ അറിയാതെയോ ഇടപെട്ടിരുന്നോ എന്നതാണ് സര്‍ക്കാരിനെ കുരുക്കുക. അത്തരം വിഷയങ്ങള്‍ തെളിഞ്ഞാല്‍ സര്‍ക്കാരിനത് തിരിച്ചടിയാവും.


