നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്നുള്ള വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജപ്തി നടപടികളിൽ വരെയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോൺ തീർക്കാൻ ശ്രമിച്ചപ്പോൾ ഇതിനെ എതിർത്തെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ ലേഖയുടെ ഭർത്താവ് ചന്ദ്രനെയും ബന്ധുവായ സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെയ്യാറ്റിൻകര മഞ്ചവിളാകം ‘വൈഷ്ണവി’ യിൽ ലേഖ (42), മകൾ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വൈകീട്ടോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കനറാ ബാങ്കിൽ നിന്നും കുടുംബം ജപ്തി ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ.

