തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകി സിനിമ പ്രവര്‍ത്തകര്‍. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതിലാണ് സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നൽകിയത്. അതേസമയം, സ്വര്‍ണം സംഭാവന നൽകിയതിൽ മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.
ശബരിമലയിൽ കൊടിമര പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച അഭിഭാഷക കമ്മീഷൻ എ.എസ്.പി.കുറിപ്പ് ചട്ടം ലംഘിച്ച് സ്വർണം സംഭാവനയായി വാങ്ങിയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണം സംഭാവനയായി നൽകിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. 2017ൽ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചപ്പോള്‍ ഹൈക്കോടതിയാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ഫീനീക്സ് ഗ്രൂപ്പാണ് കൊടിമരം സ്ഥാപിക്കാൻ മൂന്നു കോടി രൂപ നൽകിയത്. ഇതുകൂടാതെ ഭക്തരിൽ നിന്നും സ്വർണം സ്വീകരിക്കാൻ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായിരുന്ന ബോർഡ് തീരുമാനിച്ചിരുന്നു. സ്വർണം സ്വീകരിക്കേണ്ടിയിരുന്നത് എക്സിക്യൂട്ടീവ് ഓഫീസറാണ്. എന്നാൽ, അഭിഭാഷക കമ്മീഷനായ എഎസ് പി കുറുപ്പാണ് പലരിൽ നിന്നും സ്വർണം വാങ്ങിയത്. സംഭാവന കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തൻ എന്നും മറ്റ് ചിലയിടത്ത് ചിലരുട പേരുകളും മാത്രമാണ് രേഖപ്പെടുത്തിയത്. ബിസിനസ്സുകാരും സിനിമക്കാരും ഉള്‍പ്പെടെ പണം നൽകിയിരുന്നു. ദേവസ്വം വിജിലൻസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ 27 പേരുടെ പേരുകളും എഎസ്പി കുറുപ്പ് പറഞ്ഞിരുന്നു.


