ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ കത്തി നില്‍ക്കെ യുവതീ പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ കൂടി സുപ്രീം കോടതി പരിഗണക്കുന്നത് പ്രതിപക്ഷത്തിന് വജ്രായുധം. സിപിഐഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫ്.
ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി ശക്തമായ നിലപാടാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ശക്തിയായ പ്രതിഷേധം ഉണ്ടായതിന് ശേഷം പതുക്കെ അതില്‍ നിന്ന് പിന്‍വലിഞ്ഞു. പിന്നീട് വീടുകളില്‍ കയറി മാപ്പ് പറയുന്ന സ്ഥിതി വരെയുണ്ടായി. ഇപ്പോള്‍ ആഗോള അയ്യപ്പ സംഗമം നടത്തി എല്ലാത്തില്‍ നിന്നും പിന്മാറുകയാണെന്ന രീതിയില്‍ പ്രഖ്യാപിച്ചു. പക്ഷേ, സുപ്രീംകോടതിയില്‍ ഈ കേസ് വരുമ്പോള്‍ സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം നേരത്തെ കൊടുത്തിട്ടുണ്ട് .അത് മാറ്റി ഒരു സത്യവാങ്മൂലം കൊടുക്കാന്‍ ഗവണ്മെന്റ് തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതില്‍ ഒളിച്ചുകളി പറ്റില്ല. ഈ അഴകൊഴമ്പന്‍ സമീപനം പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായിട്ട് പറയണം. സ്ത്രീ പ്രവേശനത്തിന് ഇപ്പോഴും സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ? അനുകൂലിക്കുന്നുണ്ടെങ്കില്‍ ഈ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്ക്കുക.അനുകൂലിക്കുന്നില്ലെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കുക. യഥാര്‍ഥത്തില്‍ എന്താണ് നിലപാടെന്ന് ഇപ്പോഴാണ് വ്യക്തമാകാന്‍ പോകുന്നത് – അദ്ദേഹം പറഞ്ഞു.


