തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ ഇമാം, ഹൈക്കോടതി അഭിഭാഷകനില്‍ നിന്നും വക്കാലത്ത് തിരികെ വാങ്ങി.
അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമിനെതിരെ മൊഴി നല്കാതിരിക്കാന് അമ്മയും ഇളയച്ഛനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെണ്‍കുട്ടി മൊഴി നല്കാന് തയ്യാറായിരുന്നില്ല. മൂന്ന് ദിവസം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കൗണ്‍സിലിംഗ് നല്കിയ ശേഷമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.


