മഞ്ചേരി: ശബരിമല ദർശനം നടത്തിയ കനകദുർഗയെ ഭർതൃമാതാവ് മർദ്ദിച്ചതായി പരാതി. തലക്ക് പരിക്കേറ്റ കനകദുര്‍ഗയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം നടത്തി മടങ്ങിയ ശേഷം ആദ്യമായി അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ എത്തിയ കനകദുർഗയെ ഭർതൃമാതാവ് പട്ടിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ യുവതിയെ പൊലീസ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. കനകദുർഗ തന്നെ മർദ്ദിച്ചതായി പരാതിപ്പെട്ട ഭർതൃമാതാവും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളെജിന് മുമ്പിൽ നാമജപ പ്രതിഷേധവുമായെത്തിയവരെ പൊലീസ് നീക്കി. ന്യൂറോ സർജ്ജൻറെ സേവനം ലഭ്യമാക്കാനാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

