കോഴിക്കോട്: കനകദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്കെതിരെ കേസെടുത്തു. ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയ്ക്ക് ഇന്ന് രാവിലെയാണ് മര്‍ദ്ദനമേറ്റത്.
തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.

