കണ്ണൂര്: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. കേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂർ പൊലീസ് അന്വേഷിച്ച കേസിൽ പ്രതി പത്മരാജൻ അറസ്റ്റിലായി. അന്വേഷണത്തിൽ പരാതിയിൽ പോക്സോ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിവാദമായി. തുടർന്ന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ശുചിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി പറയുന്നത്. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ പാലത്തായി കേസിലാണ് നാളെ വിധി വരുന്നത്.


