തൃശ്ശൂർ: പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രൻ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ചെരിഞ്ഞത്. 50 വർഷത്തിലധികം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.
തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രന് എന്നതാണ് മറ്റൊരു പ്രത്യേകത. തൃശൂരില്‍ എത്തുമ്പോള്‍ 12 വയസ്സായിരുന്നു പ്രായം. ആ കണക്കിനു 70 വയസ്സിനു മുകളില്‍ ഉണ്ട് രാജേന്ദ്രന് . തൃശ്ശൂര്‍ നഗരത്തില്‍ ആദ്യം എത്തിയ ആനകളിലൊന്നായിരുന്നു രാജേന്ദ്രന്. ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ വേർപ്പാട് വലിയ വേദനയാണ് ആന പ്രേമികളിൽ ഉണ്ടാക്കിരിക്കുന്നത്.


