കോഴിക്കോട്: നിപ കേസുകള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പ്രതിരോധത്തില്‍ പാളി സംസ്ഥാനം. കൃത്യമായ ഇടവേളകളില്‍ വവ്വാല് സര്‍വെയ്ലന്‍സ് സര്‍വേ നടത്തണമെന്ന നിര്‍ദേശം അവഗണിക്കപ്പെട്ടു. രോഗത്തെ പ്രതിരോധിക്കാന്‍ മൂലകാരണം കണ്ടെത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ കേസുകള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് പകര്‍ന്നതെന്നാണ് അനുമാനം. 2018 ല്‍ ആദ്യമായി കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയില്‍ ഉണ്ടായ നിപ ബാധ വവ്വാലില്‍ നിന്നു തന്നെയെന്ന് ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു.
2018ല്‍ നിപ ബാധിച്ച 4 പേരില്‍ നിന്നും സൂപ്പിക്കടയില്‍ നിന്നു പിടികൂടിയ 3 വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാംപിളുകളിലെ സാമ്യമാണ് നിഗമനത്തിന് ആധാരം. ഈ പ്രദേശത്തു നിന്ന് ഐസിഎംആര്‍ സംഘം പിടിച്ച 52 പഴംതീനി വവ്വാലുകളില്‍ 10 എണ്ണത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി.2021ല്‍ ചാത്തമംഗലത്തു നിപ ബാധിച്ചു കുട്ടി മരിച്ച സംഭവത്തില്‍ വൈറസ് എത്തിയത് വവ്വാലുകളില്‍ നിന്നു തന്നെയാണെന്നും നിഗമനത്തിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മലബാര്‍ മേഖലയില്‍ വവ്വാലുകളെ നിരീക്ഷണ വിധേയമാക്കി നിപ സാഹചര്യം വിലയിരുത്തണമെന്ന സംസ്ഥാന ആനിമല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി അധികൃതരുടെ നിര്‍ദേശവും നടപ്പായില്ല.
വീണ്ടും നിപ ആശങ്കയുയരുമ്പോള്‍ കൃത്യമായ നിരീക്ഷണ സംവിധാനം വേണമെന്ന ആവശ്യമാണുയരുന്നത്. കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുളള കാരണങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു അസുഖം വന്നതിനു ശേഷം ചികിത്സ ഉറപ്പാക്കുക എന്നതിനേക്കാള്‍ രോഗ ഉറവിടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി എന്ന പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും ആവശ്യമുയരുന്നു.


