കണ്ണൂര്‍: കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നതുവരെ ഗതാഗത നിയമലംഘനത്തിനു പുതുക്കിയ പിഴനിരക്ക് ഈടാക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. പുതിയ പിഴനിരക്ക് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്നും മന്ത്രി പറഞ്ഞു.
ഉയര്‍ന്ന പിഴയുമായി ബന്ധപ്പെട്ടു രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പിഴത്തുക സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വാക്കാല്‍ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയില്ല. ഉത്തരവു ലഭിക്കും വരെ ഉയര്‍ന്ന പിഴ ഈടാക്കാതെ ബോധവത്കരണം മാത്രം നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.
കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ചു പഠിക്കാന്‍ ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാലിനെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും അന്തിമ നടപടി.
കേന്ദ്രത്തില്‍നിന്ന് അനുകൂല ഉത്തരവു ലഭിച്ചാല്‍ പിഴത്തുക 40 മുതല്‍ 60 ശതമാനം വരെ കുറയ്ക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം, മദ്യപിച്ചു വാഹനമോടിക്കല്‍, അപകടകരമായ തരത്തില്‍ വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ കുറയ്ക്കേണ്ടെതില്ലെന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍.
ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്കിയാല് മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യാനുള്ള പിഴ തുക 1,000 എന്നത് 500 രൂപയാക്കി കുറച്ചേക്കും. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീര്‍ന്ന് ഒരു ദിവസം കഴിഞ്ഞു പിടിക്കപ്പെട്ടാല്‍ 10,000 രൂപ ഈടാക്കാനാണു കേന്ദ്രനിയമം നിര്‍ദേശിക്കുന്നത്. ഇതും കുറയ്ക്കുമെന്നാണു വിവരം.


