പോത്തുകല്ല്: നിസ്കാരപ്പായയും ഖുറാനും അരികിലേക്ക് മാറ്റിവച്ച് കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കി പോത്തുകല്ല് മഹല്ല് കമ്മിറ്റി.
ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അവിടെയെത്തി പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജില്ലാ ഭരണകൂടമാണ് നിര്‍ദ്ദേശിച്ചത്. കവളപ്പാറയില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരുന്നു തീരുമാനം.
എന്നാല്‍ കനത്തമഴയിലും പ്രളയക്കെടുതിയിലും താറുമാറായി കിടന്നിരുന്ന കവളപ്പാറയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി ഇടം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോഴാണ് നിസ്കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന കൈകാലുകള്‍ കഴുകാനുള്ള ഇടവും ഇതിനായി വിട്ടുനല്‍കിയത്.
അപകടങ്ങള്‍ നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടതോടെ അഴുകിത്തുടങ്ങിയ നിലയിലാണ് മിക്ക മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം ടേബിളിലെത്തുന്നതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ സഞ്ജയ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഇടം തേടി അലഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് പോത്തുകല്ല് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള മുജാഹിദ് പള്ളിയിലുള്ളവര്‍ ചെയ്തത് വലിയ കാര്യമാണ്. പവിത്രമായി കാണുന്ന ഒരിടത്ത് വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുന്നതില്‍ അതിയായ വിഷമമുണ്ട്.
പക്ഷേ പള്ളിയിലുള്ളവര്‍ മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്കി വലിയ സഹകരണമാണ് നല്‍കിയതെന്ന് ഡോ സഞ്ജയ് പറയുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടത്തിനെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രങ്ങള്‍ കണ്ടതുകൊണ്ടാണ്, അത്രയും അഴുകിയ അവസ്ഥയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതെന്നും ഡോ സഞ്ജയ് പറഞ്ഞു.