കനത്തമഴ ദുരിതം വിതച്ച പ്രദേശങ്ങളിലേക്കുളള സഹായങ്ങള്‍ പ്രവഹിക്കുകയാണ്. കച്ചവടത്തിന് വേണ്ടിവച്ചിരുന്ന തുണികള്‍ വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്കി നൗഷാദ് ഉള്‍പ്പെടെയുളളവര്‍ കേരളത്തിന്റെ കണ്ണീരൊപ്പുന്നത് നന്മയുടെ കാഴ്ചകളായി. സ്വരുക്കൂട്ടി വച്ചിരിക്കുന്ന ചില്ലറകള്‍ പോലും സഹജീവികളെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ കുട്ടികള്‍ വരെ സംഭാവന നല്കുന്ന കാഴ്ചകളും കണ്ടു. സമാനമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
കയ്യിലുള്ള സമ്ബാദ്യവും പെരുന്നാളിന് കിട്ടിയ തുകയും ഒക്കെചേര്‍ത്ത് മലബാറിന് ഒരു കൈതാങ്ങ് നല്കാന് എത്തിയ ചേച്ചിയും അനിയനുമാണ് ഇപ്പോള്‍ താരം. ആദ്യം അനിയന് കയ്യിലുണ്ടായിരുന്ന നോട്ടുമുഴുവനും സന്തോഷത്തോടെ നല്കി. പിന്നാലെ ചേച്ചിയും ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അവസാന ചില്ലറ തുട്ടുകളും പ്രളയബാധിതകര്‍ക്ക് നല്കി.
ഇതുകണ്ട് നിന്ന് അനിയന് ചേച്ചിയോട് നിഷ്കളങ്കമായി ചോദിക്കുന്ന ചോദ്യവും ചിരി പടര്‍ത്തി. ‘എടീ ഫുള്ളും കൊടുക്കല്ലേടീ..’ അവന്റെ ആ ചോദ്യത്തിന് മുന്നില്‍ ചേച്ചിയും അവിടെ കൂടി നിന്നവരും പൊട്ടിച്ചിരിച്ചുപോയി.


