കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉറക്കെ കരഞ്ഞുകൊണ്ട് കുറ്റമേറ്റ് പറയുകയായിരുന്നു സൂരജ്. വീട്ടുകാര്‍ക്ക് പങ്കുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും കരഞ്ഞുകൊണ്ട് സൂരജ് പറഞ്ഞു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഇതില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിനെല്ലാം ഇല്ല എന്ന് മാത്രമായിരുന്നു പ്രതികരണം. ഉത്ര മരിച്ച ശേഷം ആദ്യമായി വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ താന്‍ കൊലപാതകം ചെയ്തിട്ടില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്. ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പിനായാണ് ഒന്നാം പ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടില്‍ എത്തിച്ചത്. എന്നാല്‍ അമ്മയെയും അനിയത്തിയെയും രക്ഷിക്കാനായിട്ടാണ് ഇത്തരമൊരു നാടകമെന്ന് ഉത്രയുടെ സഹോദരന് പറഞ്ഞു.

