കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം അൽപസമയത്തിനുള്ളിൽ കൊച്ചി വിമാനത്താവളത്തിലെത്തും. രാവിലെ 10.30ഓടെയായിരിക്കും കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമെത്തുക.ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും.
23 മലയാളികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അറിയിച്ചു . 45 ഇന്ത്യക്കാര്‍ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അപകട വിവരം അറിഞ്ഞ സമയം മുതല്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു. നേരത്തെ രാവിലെ 8.30ന് മൃതദേഹങ്ങള്‍ വഹിച്ചുള്ള വിമാനം എത്തുമെന്നായിരുന്നു അറിഞ്ഞിരുന്നത്.


